ഞങ്ങളെക്കുറിച്ച്

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകൾ ഇതിലേയ്ക്കായി രൂപീകരിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്. 2011 നവംബറിൽ വകുപ്പിന്റെ ഡയറക്ടറേറ്റ് രൂപീകരിച്ചും തസ്തികകൾ സൃഷ്ടിച്ചും സർക്കാർ ഉത്തരവായി. ഡയറക്ടറടക്കം പത്തു ജീവനക്കാരുമായാണ് 2011 നവംബർ 21-ന് വകുപ്പ് പ്രവർത്തനം ആരംഭിച്ചത്. 2012 ഫെബ്രുവരിയിൽ സെക്രട്ടറിയേറ്റിൽ പിന്നാക്കവിഭാഗ വകസനത്തിന് പ്രത്യേക ഭരണ വകുപ്പ് രൂപീകരിച്ചു. 2014 മേയിൽ എറണാകുളത്തും, കോഴിക്കോട്ടും മേഖലാ ഓഫീസുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി. മേഖലാ ഓഫീസുകളിൽ ഡെപ്യൂട്ടി ഡയറക്ടർ അടക്കം അഞ്ചു ജീവനക്കാരുടെ വീതം തസ്തിക സൃഷ്ടിച്ചു. തുടർന്ന് 2016 ൽ ഡയറക്ടറേറ്റിൽ ഒരു ഡെപ്യൂട്ടി ഡയറക്ടർ അടക്കം ആറ് തസ്തികകൾ കൂടി അനുവദിച്ചു. 2021 ൽ കൊല്ലം, പാലക്കാട് എന്നീ മേഖലകളിൽ ഓരോ ആഫീസുകൾ അനുവദിക്കുകയും അവിടങ്ങളിലേക്കായി നാല് വീതം തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുളള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കാനായിട്ടുണ്ട്. സംസ്ഥാനത്തെ 83 പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിയ്ക്കായി ബഹുതല സ്പർശിയായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. സംസ്ഥാനം പൊതുവിൽ നേടിയ പുരോഗതിയുടെ ഗുണഫലം പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്കവിഭാഗങ്ങൾക്ക് ആനുപാതികമായി ഉണ്ടായിട്ടില്ലായെന്നതാണ് വസ്തുത. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുളള പദ്ധതികൾക്കാണ് വകുപ്പ് മുൻതൂക്കം നൽകുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത തൊഴിലുകൾ കാലാനുസൃതമായി നവീകരിക്കുന്നതിനുളള ഗ്രാൻറ് നൽകുമ്പോൾ തന്നെ മത്സരശേഷിയും നൈപുണ്യ വർദ്ധനവുമായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനുളള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ വകുപ്പിന് 13 പദ്ധതി സ്കീമുകളും 4 പദ്ധതിയേതര സ്കീമുകളുമാണുളളത്. സംസ്ഥാനമൊട്ടാകെ 34 ജീവനക്കാർ മാത്രമാണ് വകുപ്പിനുളളതെങ്കിലും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും സ്കീമുകൾ മികച്ച രീതിയിൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ വകുപ്പിന് സാധിക്കുന്നുണ്ട്.